കന്യാസ്ത്രീകളുടെ സംഘടന പരാതി നല്‍കി; അക്വേറിയത്തിന്റെ റിലീസിന് സ്റ്റേ


ദേശീയ പുരസ്‌കാരജേതാവായ സംവിധായകന്‍ ടി. ദീപേഷ് സംവിധാനം ചെയ്ത അക്വേറിയം എന്ന ചിത്രത്തിന്റെ ഒടിടി റിലീസിന് സ്റ്റേ. കന്യാസ്ത്രീകളുടെ സംഘടന വോയിസ് ഓഫ് നണ്‍സ് കോടതിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്റ്റേ. സിനിമ കന്യാസ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്. നേരത്തെ നിരോധിച്ച പിതാവിനും പുത്രനും എന്ന സിനിമയുടെ പേര് മാറ്റിയതാണ് അക്വേറിയമെന്നും പരാതിയുണ്ട്.


മെയ് പതിനാലിന് ‘സൈന പ്ലേ’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ”അക്വേറിയം ‘റിലീസ് ചെയ്യാനിരുന്നത്. സണ്ണി വെയ്ന്‍,ഹണിറോസ്, ശാരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന്‍ വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരും അഭിനയിക്കുന്നു. രണ്ടു തവണ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ഈ സിനിമ സെന്‍സര്‍ ബോര്‍ഡ് വിലക്കുകള്‍ മറികടന്നാണ് ‘പിതാവും പുത്രനും പരിശുദ്ധാത്മാവിനും” എന്ന ചിത്രം ‘അക്വേറിയം’ എന്ന പേരില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.

online news portal

സെന്‍സര്‍ബോര്‍ഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് റിലീസിന് അനുവദിച്ചത്. സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റം.

സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യന്‍ ചിത്രമായ അക്വേറിയത്തിന്റെ റിലീസ് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്.

‘പൂര്‍ണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് ”അക്വേറിയം”. സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് ‘ സംവിധായകന്‍ ടി ദീപേഷ് പറഞ്ഞു. സംവിധായകന്‍ ദീപേഷിന്റെ കഥയ്ക്ക് ബല്‍റാം തിരക്കഥ സംഭാഷണമെഴുതുന്നു.



Sharing is Caring