കനത്ത മഴ തുടരും, മലയോര മേഖലയില്‍ യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോററ്റി


കോഴിക്കോട്: കേരളത്തില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്തമഴ തിങ്കളാഴ്ചയും തുടരും. അടുത്ത 48 മണിക്കൂര്‍ നേരം കേരളത്തില്‍ വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.
സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോററ്റി അറിയിച്ചിട്ടുണ്ട്.
രാത്രി യാത്രയും ട്രക്കിങും ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോററ്റിയുടെ നിര്‍ദേശം. മലയോര മേഖലയില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് മണി വരെയാണ് യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇവിടങ്ങളിലേക്ക് യാത്രാനുമതി അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. റവന്യു വകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴ ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍മാരോടും മറ്റു ഉദ്യോഗസ്ഥരോടും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അഗ്നിശമന സേനയോടും ദുരന്തനിവാരണ വിഭാഗത്തോടും സദാ ജാഗരൂഗരായിരിക്കാനും ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയിലും നദികളുടെ തീരങ്ങളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കുട്ടികളുടെയും ദുര്‍ബലരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു
കേരളത്തിനും കര്‍ണാടകത്തിനും ലക്ഷദ്വീപിനും മുകളിലായി രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണമെന്നും പടിഞ്ഞാറന്‍ കാറ്റ് അനുകൂലമായി വീശുകയും ഒഡീഷയ്ക്ക് മുകളില്‍ അന്തരീക്ഷചുഴി രൂപം കൊള്ളുകയും ചെയ്തതോടെ കനത്ത മഴയ്ക്കുള്ള എല്ലാ സാഹചര്യവും ഒരുങ്ങിയിട്ടുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്.



ഈ മാസം 21 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവാസ്ഥാ വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം 48 മണിക്കൂറായി തുടരുന്ന മഴ സംസ്ഥാനത്ത് പലയിടത്തും ജനജീവിതം സ്തംഭിപ്പിച്ചിട്ടുണ്ട്. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്ന കോട്ടയത്തെ ചിങ്ങവനത്ത് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് തീവണ്ടി ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു.
കഴിഞ്ഞ മൂന്ന് ദിവസമായി നല്ല മഴ ലഭിക്കുന്ന മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പലയിടത്തും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



കനത്ത മഴ തുടരുന്ന പാലക്കാട്ടെ അട്ടപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ തകര്‍ന്നു. പലയിടത്തും മണ്ണിടിച്ചിലുണ്ടാവുകയും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അടിയന്തിരസാഹചര്യം നേരിടാന്‍ പാലക്കാട് ജില്ലാ കളക്‌ട്രേറ്റിലും മണ്ണാര്‍ക്കാടും കണ്‍ട്രോള്‍ റൂം തുറന്നു.
കനത്ത മഴ ലഭിച്ച കോഴിക്കോട്ടെ മലയോരമേഖലകളും മണ്ണിടിച്ചില്‍ ഭീഷണിനേരിടുകയാണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഈ മേഖലയിലൂടെ രാത്രിയാത്ര ഒഴിവാക്കണമെന്നും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴയെ തുടര്‍ന്ന് കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപം കൊണ്ടത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. സംസ്ഥാനത്തെ പല അണക്കെട്ടുകളും നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നെയ്യാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷമാണ് ഷോളയാര്‍ അണക്കെട്ട് നിറയുന്നത്. നേരത്തെ തന്നെ ശക്തമായ കുത്തൊഴുക്കുണ്ടായിരുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നതോടെ നിറഞ്ഞൊഴുക്കുകയാണ്.



Sharing is Caring