കടലില്‍ ഒഴുകി നടക്കുന്ന വീട് വേണോ, റാസല്‍ഖൈമയിലേക്ക് പോന്നോളൂ

ലോകത്തിലെ ആദ്യ പ്രകൃതിസൗഹൃദ കടൽ വീടുകൾ ഒരുക്കി യു.എ.ഇ. പ്രമുഖ കപ്പൽ നിർമാണ കമ്പനിയായ സീ ജെറ്റാണ് ഈ വീടുകൾക്ക് പിന്നിൽ. യുഎഇ വിനോദസഞ്ചാര മേഖലയ്ക്ക് വലിയമാറ്റം കൊണ്ടുവരാൻ കഴിയുന്നതാണ് ഈ വീടുകൾ എന്നതാണ് പ്രത്യേകത. ഈ വീട്ടിലിരുന്ന് കടലിലൂടെ ഉല്ലാസയാത്ര നടത്താനും കഴിയും.

900 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളിലായാണ് ഓരോ വീടും. ചില്ലുഭിത്തികളുള്ള നീന്തൽക്കുളവും കടൽക്കാഴ്ചകൾ ആസ്വദിക്കാനുള്ള വിശാലമായ ബാൽക്കണിയും ആഡംബര മുറികളുമെല്ലാമുണ്ട്. ഒപ്പം അടുക്കളയും പൂമുഖവും കിടപ്പു മുറികളും. താഴത്തെ നിലയിൽ രണ്ട് കിടപ്പു മുറികളും ജോലിക്കാർക്ക് താമസിക്കാനുള്ള പ്രത്യേക സൗകര്യവും ഉണ്ട്. മുകളിൽ നാല് കിടപ്പുമുറികളും ബാത്ത് റൂമുകളുമാണ് ഉള്ളത്. ഹൈഡ്രോളിക് മോട്ടോറുകൾ ഉപയോഗിച്ച് ഇവ സ്വയം മുന്നോട്ട് നീങ്ങും. വായുസഞ്ചാരത്തിനും, മലിനജല സംസ്കരണത്തിനും പ്രത്യേക സംവിധാനങ്ങളുണ്ട്. സൗരോർജത്തിലാണ് പ്രവർത്തനങ്ങളെല്ലാം.

റാസൽഖൈമയിലെ അൽ ഹമാറ തുറമുഖത്തിനടുത്താണ് ഇവ നിർമിച്ചിക്കുന്നത്. കമ്പനിയുടെ പദ്ധതി പ്രകാരം കടലിലെ 156 മുറികളുള്ള വലിയ ആഡംബര ഹോട്ടലിന് ചുറ്റും ഒഴുകി നടക്കുന്ന 12 വീടുകളാണ് പണിയുക. 2023 ൽ പദ്ധതി പൂർത്തീകരിക്കും. ദുബായിലെ ഇന്ത്യൻ വ്യവസായി ബൽവീന്ദർ സഹാനിയാണ് 39 കോടി രൂപയ്ക്ക് ( 2 കോടി ദിർഹം) ഈ പദ്ധതിയിലെ ആദ്യ ‘കടൽവീട്’ വാങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *