കലൂരില്‍ ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മയേയും സുഹൃത്തിനേയും ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൊലപാതകം, ജുവനയില്‍ ജസ്റ്റിസ് നിയമ പ്രകാരമുള്ള കേസ് അടക്കമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശി അശ്വതിയും കണ്ണൂര്‍ സ്വദേശി സുഹൃത്തായ ഷാനിഫും ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. ഷാനിഫ് കുഞ്ഞിനെ കല്‍മുട്ടുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഡിസംബര്‍ ഒന്നാം തീയതിയാണ് ഇരുവരും കറുകപളളിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അശ്വതിയും ഷാനിഫും ഒരുമിച്ച് കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരും പരിചയപ്പെട്ട സമയം അശ്വതി ഗര്‍ഭിണിയായിരുന്നു.

മരിച്ചാല്‍ കുട്ടി നീല നിറമാകുമോ എന്ന് ഷാനിഫ് ഗൂഗിള്‍ സെര്‍ച്ച് ചെയ്തു. അശ്വതി മുമ്പ് നിയമപ്രകാരം വിവാഹിതയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം തലയോട്ടിയിലുണ്ടായ ക്ഷതമാണെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയുടേത് കൊലപാതകമാണെന്ന സംശയമുണ്ടാകുന്നത്.













