ഐസ്ലന്‍ഡിനും ചെക്കിനും യോഗ്യത

2016 യൂറോകപ്പ് ഫുട്‌ബോളിന് ഐസ്ലന്‍ഡും ചെക്ക് റിപ്പബ്ലിക്കും യോഗ്യത നേടി. ഗ്രൂപ്പ് എയിലെ എട്ടാംറൗണ്ട് മത്സരങ്ങളില്‍ കസാഖ്‌സ്താനോട് ഗോള്‍രഹിത സമനില പാലിച്ചാണ് ഐസ്ലന്‍ഡ് യോഗ്യത ഉറപ്പാക്കിയത്. ചെക്ക് റിപ്പബ്ലിക് ലാത്വിയയെ തോല്‍പ്പിച്ചു (2-1). ഗ്രൂപ്പ് എച്ചില്‍ വിജയത്തോടെ ഇറ്റലി യോഗ്യതയ്ക്കരികിലെത്തി. മറ്റു മത്സരങ്ങളില്‍ ബോസ്‌നിയ അന്‍ഡോറെയെയും (3-0), ബെല്‍ജിയം സൈപ്രസിനെയും (1-0), നോര്‍വേ ക്രോയേഷ്യയെയും (2-0), തോല്‍പ്പിച്ചു. മാള്‍ട്ട അസര്‍ബെയ്ജാന്‍ മത്സരവും (2-2), വെയ്ല്‍സ് ഇസ്രായേല്‍ കളിയും (0-0) സമനിലയിലായി.
എട്ടുകളിയില്‍ നിന്ന് 19 പോയന്റ് നേടിയാണ് ഐസ്ലന്‍ഡ് ചരിത്രത്തിലാദ്യമായി യൂറോകപ്പിന് യോഗ്യത നേടിയത്. ചെക്ക് റിപ്പബ്ലിക്കിനും ഇത്രയും പോയന്റുണ്ട്. രണ്ടുമത്സരം ബാക്കി നില്‍ക്കെ മൂന്നാം സ്ഥാനത്തുള്ള തുര്‍ക്കിക്ക് ഇരുടീമുകളെയും മറികടക്കാന്‍ കഴിയില്ല. മൂന്നാം സ്ഥാനത്തിനായി 12 പോയന്റുള്ള തുര്‍ക്കിയും 10 പോയന്റുള്ള ഹോളണ്ടും തമ്മിലാണ് മത്സരം. കഴിഞ്ഞദിവസം തുര്‍ക്കിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റത് ഹോളണ്ടിന് തിരിച്ചടിയായി.
കസാഖ്‌സ്താനെതിരായ മത്സരത്തില്‍ ചെക്കിനായി ലിബേഴ്‌സ്‌കി, വ്ലൂഡ്മിര്‍ ഡാരിദ എന്നിവര്‍ സ്‌കോര്‍ ചെയ്തു.
ഗ്രൂപ്പ് എച്ചിലാണ് ഇറ്റലി ബള്‍ഗേറിയയെ തോല്‍പ്പിച്ചത്. ഡാനിയേല്‍ ഡി റോസിയാണ് നിര്‍ണായക ഗോള്‍ നേടിയത്. ഇതോടെ 18 പോയന്‍റുള്ള ഇറ്റലി ഒന്നാം സ്ഥാനത്തെത്തി. അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ ടീമിന് യോഗ്യതയാകും. മറ്റൊരു മത്സരത്തില്‍ നോര്‍വേ ക്രോയേഷ്യയെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നോര്‍വേക്ക് 16 പോയന്റും ക്രോയേഷ്യയ്ക്ക് 15 പോയന്റുമാണുള്ളത്.
ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയം സൈപ്രസിനെ തോല്‍പ്പിച്ചു. എഡന്‍ ഹസാഡാണ് ഗോള്‍ നേടിയത്. 17 പോയന്റുള്ള ബെല്‍ജിയം രണ്ടാംസ്ഥാനത്താണ്. 18 പോയന്റുള്ള വെയ്ല്‍സാണ് ഒന്നാമത്. ഇസ്രായേലിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയതാണ് വെയ്ല്‍സിന്റെ കാത്തിരിപ്പ് നീട്ടിയത്. ജയിച്ചിരുന്നെങ്കില്‍ ടീമിന് യോഗ്യത ലഭിക്കുമായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബോസ്‌നിയ ഹെര്‍സഗോവിന അന്‍ഡോറയെ തോല്‍പ്പിച്ചു (3-0). ബിക്കാവിക്, എഡിന്‍ സെക്കോ, സെനാദ് ലൂസിച്ച് എന്നിവരാണ് ഗോള്‍ നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *