ചെന്നൈയിലെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ച 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പില്‍ ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍ ചാമ്പ്യനായി. എന്‍എസ്എഫ്250ആര് ഓപ്പണ്‍ ക്ലാസില്‍ ഹോണ്ട റേസിങ് ഇന്ത്യയുടെ യുവ റൈഡര്മാര്മാരുടെ മികച്ച പ്രകടനത്തിനാണ് സീസണ് സാക്ഷ്യം വഹിച്ചത്. സീസണിലുടനീളം മികച്ച പ്രകടനം നടത്തിയ മലപ്പുറം സ്വദേശിയായ മൊഹ്സിന്‍ പറമ്പന്‍ അഞ്ച് റൗണ്ടുകളിലായി നടന്ന പത്ത് റേസുകളില്‍ ഏഴിലും വിജയം നേടി.

സീസണിലെ അവസാന എട്ട് ലാപ് റേസില്‍ മൊഹ്സിന്‍ മികച്ച സറ്റാര്ട്ടിങ് നടത്തിയെങ്കിലും മെഷീന്റെ സാങ്കേതിക പ്രശ്നങ്ങള്‍ വിനയായി, ഇത് മുതലെടുത്ത സഹതാരം സാവിയോന്‍ സാബു 15:03.809 സമയത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. 1:51.260 ആയിരുന്നു താരത്തിന്റെ ഏറ്റവും മികച്ച ലാപ് സമയം. ആവേശകരമായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കായുള്ള പോരാട്ടം. നിശ്ചയദാര്‍ഢ്യത്തോടെ മത്സരം പൂര്‍ത്തിയാക്കിയ മൊഹ്സിന്‍ പറമ്പന്‍ 1:52.171 എന്ന ഏറ്റവും മികച്ച ലാപ് സമയത്തോടെ 15:10.876 സെക്കന്‍ഡ് സമയത്തില്‍ രണ്ടാം സ്ഥാനത്തെത്തി. മൊഹ്സിന്‍ പിന്നാലെ ബീദാനി രാജേന്ദര്‍ അതിവേഗം കുതിച്ചെത്തി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 15:17.258 സമയത്തില്‍ ഫിനിഷ് ചെയ്ത ബീദാനി 1:52.654 എന്ന മികച്ച ലാപ് സമയവും കുറിച്ചു.
യുവറൈഡര്‍മാരുടെ മികവ് കണ്ടെത്താനും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ 2024 സീസണ് ജൂണ്‍ 14നാണ് മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടങ്ങിയത്. 2024 ഒക്ടോബര്‍ 6ന് അഞ്ച് റൗണ്ടുകളും ഇതേ വേദിയില്‍ പൂര്‍ത്തിയാക്കിയാണ് സീസണ് സമാപിക്കുന്നത്.














