ഐഎൻഎക്സ് മീഡിയ അഴിമതിക്കേസ് : പി ചിദംബരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി


ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ സിബിഐ തേടുന്ന മുൻധനമന്ത്രി പി ചിദംബരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി. വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ചിദംബരമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. അധികാരത്തോട് മടിയില്ലാതെ സത്യംവിളിച്ചുപറയുകയും ഈ സര്‍ക്കാരിന്‍റെ പരാജയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുകയാണ്. എന്ത് വിലകൊടുത്തും സത്യത്തിനായി പൊരുതുമെന്നും പ്രിയങ്കയുടെ ട്വീറ്റ്.


അതേസമയം ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോര്‍ബാഗിലെ വീട്ടില്‍ വീണ്ടുമെത്തിയ സിബിഐ അദ്ദേഹത്തെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം അറിയിച്ചെങ്കിലും രാവിലെ സിബിഐ വീണ്ടും ചിദംബരത്തിന്‍റെ വീട്ടിലെത്തുകയായിരുന്നു.


ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി 10.30 ന് പരിഗണിക്കും. പി ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കുന്നതാണ് ദില്ലി ഹൈക്കോടതിയുടെ വിധി. ഇന്നലെ അര്‍ധരാത്രി ചിദംബരത്തിന്‍റെ വീട്ടില്‍ ‘രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം’ എന്നാവശ്യപ്പെട്ടുള്ള നോട്ടീസ് സിബിഐ പതിച്ചിരുന്നു.



Sharing is Caring