മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായിരുന്ന എ.കെ.ആന്റണിയെ ശനിയാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഇന്ന് ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ആന്റണിയെ സന്ദര്‍ശിച്ച നാഡീരോഗ വിദഗ്ദ്ധരാണ് ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കുളിമുറിയില്‍ തെറ്റിവീണതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞതിനെ തുടര്‍ന്നുള്ള അസ്വാസ്ഥ്യത്തിനിടയിലാണ് കുളിമുറിയില്‍ കാലു തെറ്റി വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ആന്റണി 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഭാര്യ എലിസബത്ത് കൂടെയുണ്ട്.












