ന്യൂഡല്‍ഹി: മഹാഭാരതകാലത്തും ഇന്റര്‍നെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളുമുണ്ടായിരുന്നെന്ന പരാമര്‍ശത്തില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. പുരാതന കാലത്ത് ശാസ്ത്രത്തില്‍ ഏറ്റവും വികസിച്ച പ്രദേശമായിരുന്നു ഇന്ത്യയെന്നും രാമായണം, മഹാഭാരതം, ഉപനിഷത്തുകള്‍ എന്നിവയിലെ സൂചനകള്‍ ഉൗട്ടിയുറപ്പിക്കുന്നതാണ് ഒരു വര്‍ഷം 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്കു വിക്ഷേപിച്ച മോദി സര്‍ക്കാരിന്റെ നേട്ടമെന്നും ബിപ്ലവ് കുമാര്‍ പറയുന്നു.
ഭാരതത്തിനു വലിയ സംസ്കാരമുണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മടിക്കുന്നവരാണ് തന്റെ പരാമര്‍ശത്തെ എതിര്‍ക്കുന്നതെന്നു പറഞ്ഞ ബിപ്ലവ്, 99 ശതമാനം ഇന്ത്യക്കാരും ഭാരതത്തിന്റെ മഹത്വത്തിലും അതിന്റെ സംസ്കാരത്തിലും വിശ്വസിക്കുന്നവരാണെന്നും കൂട്ടിച്ചേര്‍ത്തു.

മഹാഭാരത യുദ്ധകാലത്തു കൊട്ടാരത്തില്‍ ഇരുന്ന അന്ധനായ ധൃതരാഷ്ട്രര്‍ക്കു സഞ്ജയന് യുദ്ധവിവരങ്ങള്‍ വിവരിച്ചു കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. ഉപഗ്രഹ ആശയവിനിമയം ആ കാലം മുതലുണ്ട്. എങ്ങനെയാണ് ധൃതരാഷ്ട്രര്‍ക്കു സഞ്ജയനിലൂടെ കാണാന്‍ കഴിയുന്നത്. അന്ന് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ലഭ്യമായിരുന്നു. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ലഭിച്ചിരുന്നു എന്നായിരുന്നു ചൊവ്വാഴ്ച ബിപ്ലവ് നടത്തിയ പരാമര്‍ശം. യൂറോപ്പുകാരും അമേരിക്കക്കാരും ടെലിവിഷന്‍ അവരുടെ കണ്ടെത്തലാണെന്ന് അവകാശപ്പെടുമെങ്കിലും യഥാര്‍ഥത്തില്‍ അത് ഇന്ത്യയുടെ സാങ്കേതിക വിദ്യയാണെന്നും സിപിഎം ഭരണം അവസാനിപ്പിച്ച് അടുത്തിടെ ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബിപ്ലവ് അവകാശപ്പെട്ടു.
ഈ പരാമര്‍ശങ്ങള്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ ബിപ്ലവ് ആവര്‍ത്തിച്ചു. 50 കിലോമീറ്റര്‍ ദൂരെ നടക്കുന്ന യുദ്ധത്തെ കുറിച്ച് ഒരാള്‍ക്ക് മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കണമെങ്കില്‍ അതിന് എന്തെങ്കിലും സാങ്കേതികവിദ്യ ആവശ്യമാണ്. അത് അദ്ദേഹത്തിന്റെ കണ്ണ് ആയിരിക്കില്ല. അവിടെ മറ്റെന്തെങ്കിലും സാങ്കേതികവിദ്യ ആയിരിക്കും ഉണ്ടാവുക. സഞ്ജയന്റെ ആ സാങ്കേതികവിദ്യയാണ് ഇന്നത്തെ ഇന്റര്‍നെറ്റ്- ബിപ്ലബ് കുമാര്‍ ആവര്‍ത്തിച്ചു.













