കൊച്ചി: എറണാകുളം വാഴക്കുളത്ത് എടിഎം കൗണ്ടർ തകർത്ത് പണം തട്ടാൻ ശ്രമം. ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ പുലർച്ചെ ഒന്നരയോടെയാണ് മോഷണശ്രമം നടന്നത്. എടിഎം പുറത്തേക്ക് എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പിൽ എത്തിച്ചാണ് കവർച്ചാ ശ്രമം നടത്തിയിരിക്കുന്നത്.
ആറ് ലക്ഷം രൂപയാണ് എടിഎം മെഷീനിൽ ഉണ്ടായിരുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തിയാൽ മാത്രമേ പണം നഷ്ടപ്പെട്ടോ എന്ന് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

എടിഎം മെഷിനൊപ്പം പണം നിക്ഷേപിക്കുന്ന സിഡിഎം മെഷിനും ഉണ്ടായിരുന്നു. എന്നാൽ, സിഡിഎം മെഷിനിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മോഷണശ്രമത്തിനിടെ സിസിടിവി ക്യാമറ മറിച്ചതിനാൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ഭാഗീകമായെ ലഭിച്ചിട്ടുള്ളു. സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.













