എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം; സണ്ണി ജോസഫ് എംഎല്‍എ


എഡിഎം കെ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതികരിച്ച്‌ സണ്ണി ജോസഫ് എംഎല്‍എ.
നവീൻ ബാബുവിന് കഴിഞ്ഞ ദിസം നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെല്ലുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


‘ജനപ്രതിനിധികളെ ആരെയും വിളിക്കാത്ത യോഗത്തിലായിരുന്നു എഡിഎമ്മിന് യാത്രയയപ്പ് നല്‍കിയത്. അതിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുചെല്ലുകയും തീർത്തും അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയുമാണ് ചെയ്തത്. പരാതികളുണ്ടെങ്കില്‍ അത് അതിന്റേതായ രീതിയിലാണ് പറയേണ്ടത്. ഇത് ഒരു അധിക്ഷേപവും അവഹേളനവുമായിട്ടേ ആർക്കും തോന്നുകയുള്ളു.


നവീന്‍ അത് തോന്നിയിട്ടുണ്ടാകാം. ഏതായാലും ഈ മരണ കാരണം പരിശോധിക്കപ്പെടണം. സർക്കാർ ഇത് ഗൗരവത്തിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് മരിച്ചിരിക്കുന്നത്. കളക്ടർ കഴിഞ്ഞാല്‍ രണ്ടാമത്തെയാളാണ്. അത്തരത്തില്‍ ഒരു വ്യക്തിക്ക് ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുന്നുവെന്നത് ഏറെ വേദനാജനകമാണ്. പ്രതിഷേധാർഹമാണ്’- സണ്ണി ജോസഫ് പ്രതികരിച്ചു.

അതേസമയം, പി പി ദിവ്യയുടെ പരസ്യവിമർശനത്തില്‍ മുൻ എംഎല്‍എ എം വി ജയരാജൻ പ്രതികരിക്കാൻ തയ്യാറായില്ല. എഡിഎമ്മിന്റെ മരണത്തില്‍ ദുഃഖം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ നവീൻ ബാബുവിന് ഇന്നലെ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ ചടങ്ങിലേക്കാണ് ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്.

ചെങ്ങളായിലെ പെട്രോള്‍ പമ്ബിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്നും, ഉപഹാരം നല്‍കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് അവർ ഉടൻ വേദി വിടുകയും ചെയ്തു. നേരിട്ട അപമാനത്തില്‍ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് വിവരം.



Sharing is Caring