ഊര്‍മ്മിള ഉണ്ണിക്ക് സ്വബോധം നഷ്ടമായോ? കൊന്നുകൊലവിളിച്ച്‌ സോഷ്യല്‍ മീഡിയ


കോഴിക്കോട്:മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ഉരുണ്ടുകളിച്ച്‌ നടി ഊര്‍മിള ഉണ്ണി. കൊഞ്ചിക്കുഴയുന്ന നടിയുടെ ഈ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തടിച്ചുകൂടിയ മാധ്യമങ്ങളുടെ ചോദ്യത്തിനു മുന്നില്‍ നടി പരസ്പര വിരുദ്ധമായ രീതിയിലുള്ള മറുപടി നല്‍കി ഉരുണ്ടുകളിച്ചത്.


അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന തരത്തില്‍ ഉത്തരം പറയുന്നവരില്ലേ, നടി ഊര്‍മിള ഉണ്ണിയെയും ഇനി ആ ഗണത്തില്‍ പെടുത്താമെന്നാണ് മാധ്യമങ്ങളുടെ വാദം. താര സംഘടനയായ അമ്മയുടെ അടുത്തിടെ നടന്ന യോഗത്തില്‍ നടന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന വിഷയം ആദ്യം ഉന്നയിച്ചത് ഊര്‍മിള ഉണ്ണിയായിരുന്നു. ഇതേകുറിച്ച്‌ ചോദിച്ചപ്പോഴാണ് നടി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്. നടിക്കുണ്ടായ രീതിയിലുള്ള അനുഭവം, ഒരു അമ്മ എന്ന നിലയില്‍ പേടി തോന്നുന്നില്ലേ എന്ന ചോദ്യത്തിന്, ‘എനിക്ക് അമ്മയെ കാണണം, ഫോണ്‍ വരുന്നു’ എന്നായിരുന്നു ഊര്‍മിളയുടെ മറുപടി.


ദിലീപിനെ തിരിച്ചെടുക്കാന്‍ ഊര്‍മ്മിള ഉണ്ണിയാണ് കൂടുതല്‍ ആവേശം കാണിച്ചതെന്ന് കേട്ടല്ലോ എന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള വള്ളുവനാടന്‍ മറുപടി ഇങ്ങനെ; ‘അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ…. അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ ?അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! ഓണൊക്ക്യല്ലേ വരാന്‍ പോണേ..നിങ്ങള് ഓണത്തിന് സദ്യ വിളമ്ബണേനെപ്പറ്റി ചോദിക്കൂ.. ഞാന്‍ മറുപടി പറയാം… എത്രയെത്ര പോസിറ്റീവായ കാര്യങ്ങള് കിടക്ക്ണൂ…ന്ന് ട്ടാ….!’

നടിയുടെ ഇത്തരത്തിലുള്ള പ്രതികരണത്തിനെതിരെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ‘ചുറ്റും നിന്ന് ഇവരോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരുടെ ക്ഷമയെ നമിക്കുന്നു’ എന്നാണ് അധ്യാപികയായ ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ഊര്‍മിള ഉണ്ണിയോടുള്ള പ്രതിഷേധ സൂചകമായി കോഴിക്കോട്ടെ പരിപാടിയില്‍ നിന്ന് നേരത്തെ തന്നെ ദീപാ നിശാന്ത് പിന്മാറിയിരുന്നു.



Sharing is Caring