ഉം-പുന്‍ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളില്‍ രണ്ട് മരണം; കൊല്‍ക്കത്തയില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം


കൊല്‍ക്കത്ത: ഉം-പുന്‍ ചുഴലിക്കാറ്റ് തീരം തൊട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍വരെ വേഗത്തിലുള്ള ശക്തമായ കാറ്റ്. രണ്ടുപേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഹൗറ, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ മരം കടപുഴകി വീണാണ് രണ്ട് സ്ത്രീകള്‍മരിച്ചത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. റോഡുകളില്‍ വെള്ളം കയറി. ശക്തമായ കാറ്റും മഴയും നാല് മണിക്കൂര്‍കൂടി നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.


കൊല്‍ക്കത്ത, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളെയാണ് രണ്ട് സംസ്ഥാനങ്ങളിലുമായി രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുള്ളത്.പശ്ചിമ ബംഗാളിലെ അഞ്ചുലക്ഷം പേരെയും ഒഡീഷയിലെ ഒരുലക്ഷം പേരെയും സൈക്ലോണ്‍ ഷെല്‍റ്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്.




Sharing is Caring