ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ താനും കളിക്കേണ്ടതായിരുന്നുവെന്ന് സഞ്ജു സാംസണ്‍


വെസ്റ്റിന്‍ഡീസില്‍ ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ താനും കളിക്കേണ്ടതായിരുന്നുവെന്ന് വെളിപ്പെടുത്തി സഞ്ജു സാംസണ്‍. എന്നാല്‍ ടോസിനു തൊട്ടുമുമ്പ് തന്നെ മാറ്റിയെന്നും പഴയ ടീമിനെയുമായി കളിക്കാനിറങ്ങിയെന്നും സഞ്ജു പറഞ്ഞു.ബാര്‍ബഡോസിലായിരുന്നു അന്നു ഫൈനല്‍. ഞാന്‍ ഇതില്‍ കളിക്കാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. കളിക്കുന്നതിനായി തയ്യാറായിരിക്കണമെന്നു എന്നോടു ആവശ്യപ്പെടുകയും ചെയ്തു.


ഞാനും ഇതിനു വേണ്ടി തയ്യാറെടുത്തു കഴിഞ്ഞിരുന്നു.
ടോസിനു മുമ്പാണ് എന്നെ കളിപ്പിക്കുന്നില്ലെന്നും തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്താനാണ് തീരുമാനമെന്നും എന്നെ അറിയിച്ചത്. അതു കുഴപ്പമില്ല, അങ്ങനെയൊരു മൂഡിലായിരുന്നു അപ്പോള്‍ ഞാന്‍.ടോസിനു മുന്നോടിയായി വാം അപ്പിനിടെയാണ് രോഹിത് ഭായി എന്നെ വിളിച്ച ശേഷം തനിച്ചു മാറ്റിനിര്‍ത്തി സംസാരിച്ചത്.


എന്തുകൊണ്ടാണ് എന്നെ കളിപ്പിക്കാത്തതെന്നും കഴിഞ്ഞ കളിയിലെ അതേ ടീമിനെ എന്തുകൊണ്ടു നിലനിര്‍ത്തിയെന്നും എനിക്കു മനസിലാക്കി തരാന്‍ ശ്രമിക്കുകയും ചെയ്തു.സഞ്ജൂ, നിന്നെ എന്തുകൊണ്ട് കളിപ്പിക്കാത്തതെന്നു മനസിലായിക്കാണുമല്ലോ എന്നെല്ലാം വളരെ സൗമ്യമായി എന്നോടു പറഞ്ഞു. എനിക്കു മനസ്സിലായിട്ടുണ്ടെന്നും മല്‍സരം നടക്കട്ടെയെന്നും ഞാന്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു- സഞ്ജു വെളിപ്പെടുത്തി



Sharing is Caring