ഇന്ന് ലോക്സഭയില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കും.വഖഫ് ബോര്‍ഡുകളില്‍ രണ്ട് മുസ്ലിം ഇതര വിഭാഗക്കാരെയും രണ്ട് വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ഏറ്റവും പ്രധാനം.ബില്ലിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.1995ലെ വഖഫ് നിയമത്തില്‍ 44 ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ബില്‍ നിയമം ആയാല്‍ വഖഫ് ഇടപാടുകളിലും, സ്വത്തു തര്‍ക്കങ്ങളിലും തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് സവിശേഷാധികാരം ലഭിക്കും.
ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനും വ്യവസ്ഥയുണ്ട്. നിലവിലെ നിയമം അനുസരിച്ച് വഖഫ് ബോര്‍ഡിലെ 6 അംഗങ്ങള്‍ തിരഞ്ഞെടുപ്പിലൂടെയാണ് സ്ഥാനം ഏല്‍ക്കുന്നത്. ഇനി മുതല്‍ മുഴുവന്‍ അംഗങ്ങളെയും സര്‍ക്കാരിന് നേരിട്ട് നിയമിക്കാം.സ്വത്തുക്കള്‍ വഖഫായി പ്രഖ്യാപിക്കാനുള്ള വഖഫ് ബോര്‍ഡിന്റെ അധികാരവും എടുത്തുമാറ്റും.

വഖഫ് ബില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബില്ലിനെതിരെ പാര്‍ലമെന്റില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തും. സംസ്ഥാന വഖഫ് ബോര്‍ഡുകളും ബില്ലില്‍ എതിര്‍പ്പുമായി രംഗത്തെത്തി. അതേസമയം വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിന് നിയമഭേദഗതി അനിവാര്യമാണെന്നും ബില്ലിലെ വ്യവസ്ഥകള്‍ വനിതകളെ സഹായിക്കാനെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.













