ഇന്ത്യ അമിത്ഷായുടെ അച്ഛന്റെ സ്വത്തല്ല; പ്രകാശ് രാജ്


ഇന്ത്യന്‍ ഭരണഘടനയില്‍ പാര്‍ട്ടികളെക്കുറിച്ചല്ല, മറിച്ച്‌ പൗരന്മാരെക്കുറിച്ചാണ് പരാമര്‍ശങ്ങളുള്ളതെന്നും സ്വതന്ത്രനായി നിന്നുകൊണ്ട് തനിക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പ്രകാശ് രാജ്.സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാനാണ് താന്‍ ജനങ്ങളോടാവശ്യപ്പെടുന്നതെന്നും, തന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ജനങ്ങളില്‍ നിന്നു തന്നെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് താന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ നടക്കുന്നതെന്നും അദ്ദേഹം തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ സംസാരിക്കവേ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട്ട് സംസാരിക്കുമ്ബോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.താന്‍ ഹിന്ദുവാണോ എന്നത് ബി.ജെ.പിയെ ബാധിക്കുന്ന കാര്യമല്ലെന്നും, സര്‍ക്കാരിന്റെ ഉത്തരവാദിത്തം വികസനപ്രവര്‍ത്തനങ്ങളാണെന്നും പ്രകാശ് രാജ് പറയുന്നു. മതവും ആചാരങ്ങളും ഒരു വ്യക്തിയുടെ തീരുമാനമാണ്. അതില്‍ മറ്റാരും ഇടപെടേണ്ടതില്ല. അമ്ബതു വര്‍ഷം ഇന്ത്യയില്‍ നിന്നും തങ്ങളെ പുറത്താക്കാനാകില്ലെന്നു പറഞ്ഞിരുന്ന അമിത് ഷാ ഇപ്പോള്‍ പറയുന്നത് 2019 തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് പാനിപ്പത്ത് യുദ്ധത്തില്‍ തോല്‍ക്കുന്നതു പോലെയായിരിക്കുമെന്നാണ്.ഇന്ത്യയില്‍ നടക്കുന്നത് പാനിപ്പത്ത് യുദ്ധമല്ല, ബി.ജെ.പിക്കാര്‍ മറാത്തക്കാരല്ല, ഇന്ത്യയിലെ ജനങ്ങള്‍ അഫ്ഗാനികളുമല്ല. അമ്ബതു വര്‍ഷം തങ്ങളെ പുറത്താക്കാനാകില്ലെന്ന് ഉറപ്പിച്ചു പറയാന്‍ ഇന്ത്യ അമിത്ഷായുടെ അച്ഛന്റെ സ്വത്തല്ല. 2019 വളരെ പ്രതീക്ഷ തരുന്ന വര്‍ഷമാണെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടുന്നു




Sharing is Caring