ഇറ്റാലിയന്‍ നഗരമായ ലാറ്റിനയിലും സമീപപ്രദേശങ്ങളിലും തൊഴിലാളികളുടെ പ്രതിഷേധ സമരം കത്തിപ്പടരുന്നു. സത്നാം സിംഗ് എന്ന ഇന്ത്യന്‍ കര്‍ഷകന്‍റെ മരണത്തില്‍ നീതിപൂര്‍വ്വമായ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ലാസിയോയിലെ ഒരു പച്ചക്കറി ഫാമില്‍ ജോലി ചെയ്യുന്നതിനിടെ സത്നാമിന്‍റെ കൈ പ്ലാസ്റ്റിക്ക് റാപ്പിംഗ് മെഷിനില്‍ കുടുങ്ങി അറ്റുപോവുകയായിരുന്നു. ഉടനടി ചികിത്സ ലഭ്യമാക്കുന്നതിനു പകരം തൊഴിലുടമ വലിയ ക്രൂരതയാണ് സിംഗിനോട് ചെയ്തത്. അറ്റുപോയ കൈപ്പത്തി സഹിതം ഒരു വാനില്‍ കയറ്റി സത്നാംസിഗിന്‍റെ വീടിനരികിലുള്ള റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

അപകടത്തില്‍ സത്നാംസിംഗിന്‍റെ കാലുകള്‍ക്കും പൊട്ടലുണ്ടായിരുന്നു. സിംഗിന്‍റെ ഭാര്യ സഹായം അഭ്യര്‍ത്ഥിച്ചതനുസരിച്ചു ഹെലിക്കോപ്റ്ററര്‍ എത്തിയെങ്കിലും റോമിലെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും വൈകിയിരുന്നു. അമിതമായ രക്തസ്രാവത്താല്‍ പരിക്ഷീണനായ സത്നാംസിംഗ് രണ്ടു ദിവസത്തിനകം മരിക്കുകയും ചെയ്തു.
മുപ്പത്തിയൊന്നുകാരനായ സത്നാംസിംഗ് നാലുവര്‍ഷം മുമ്പാണ് പഞ്ചാബില്‍ നിന്ന് ജോലി തേടി ഇറ്റലിയിലെത്തിയത്. അതിക്രൂരമായ ഈ സംഭവത്തില്‍ ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണി നടുക്കം പ്രകടിപ്പിക്കുകയും തൊഴിലുടമയുടെ പവൃത്തിയെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലുടമയുടെ മനോഭാവം അതിക്രൂരവും വെറുപ്പുളവാക്കുന്നതുമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
മനുഷ്യത്വരഹിതമായ ഇത്തരം നടപടികള്‍ ഇറ്റലിക്കുതന്നെ അപമാനകരമാണ്. തൊഴില്‍ രംഗത്തെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്നും ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിനെ അഭിസംബോധന ചെയ്തുകൊണ്ട് ജോര്‍ജ്ജിയ മെലോനി പറഞ്ഞു. രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയില്‍ കര്‍ഷകര്‍ക്കുള്ള പങ്കിനെ കുറച്ചുകാണാനാവില്ലെന്നും അവര്‍ പറഞ്ഞു.













