ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ഗോവ ആര്‍ച്ച്‌ ബിഷപ്പ്


പനാജി: ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ഗോവ ആര്‍ച്ച്‌ ബിഷപ്പ് ഫിലിപ്പ് നേരി ഫെറാവോ. 2018-19 ഇടയലേഖനത്തിലാണ് ബിഷപ്പ് ഇക്കാര്യം വിശദമാക്കിയത്. രാജ്യത്ത് ഒരു ഏകസംസ്‌കാര വാദം പിടിമുറുക്കുന്നുണ്ടെന്നും അതിനാല്‍ കത്തോലിക്ക വിശ്വാസികള്‍ രാഷ്ട്രീയമായി ഇടപെടണമെന്നും ഇടയലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി. വികസനത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ പ്രദേശങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുകയാണെന്നും മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരക്കപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


ജനാധിപത്യത്തെയും ഭരണസംവിധാനത്തെയും മെച്ചപ്പെടുത്തണമെന്നും അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഇടയലേഖത്തില്‍ ആവശ്യപ്പെടുന്നു. അടുത്തിടെ ഭക്ഷണം, വേഷം, ജീവിതം, ആരാധന തുടങ്ങിയ കാര്യങ്ങളില്‍ ഏകരൂപം കൊണ്ട് വരാനുള്ള പ്രവണത രാജ്യത്ത് ഉയര്‍ന്ന് വരുന്നുണ്ടെന്നും ഇത് ഒരു തരത്തിലുള്ള ഏകസംസ്‌കാര വാദമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.


നേരത്തെ, ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്പ് അനില്‍ കൗട്ടോയും ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കലുഷിതമാണെന്ന് വ്യക്തമാക്കി ഇടയലേഖനം പുറത്തിറക്കിയിരുന്നു. 2019-ല്‍ പുതിയ സര്‍ക്കാര്‍ വരുന്ന സാഹചര്യത്തില്‍ രാജ്യത്തിനും രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി മേയ് 13 മുതല്‍ പ്രാര്‍ത്ഥന നടത്തണമെന്നും അദ്ദേഹം ഇടയലേഖനത്തില്‍ പറഞ്ഞിരുന്നു. അനില്‍ കൗട്ടയോയുടെ കത്ത് വിവാദമായതിന് പിന്നാലെ ഗോവആര്‍ച്ച്‌ ബിഷപ്പും രംഗത്തെത്തിയത് ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന.



Sharing is Caring