ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ബി ശ്രീരാമലുവും ലോക്സഭാംഗത്വം രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഇരുവരും ലോക്സഭ സ്പീക്കര്‍ക്ക് രാജി നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇരുവരുടെയും രാജി സ്വീകരിച്ചു.
16-ാം ലോക്സഭയിലേക്ക് 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷിമോഗയില്‍ നിന്നായിരുന്നു ബിഎസ് യെദ്യൂരപ്പയുടെ വിജയം. ബെല്ലാരി ലോക്സഭ മണ്ഡലത്തില്‍ നിന്നായിരുന്നു ബി ശ്രീരാമലു ലോക്സഭയിലേക്ക് വിജയിച്ചത്. ബിജെപിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി യെദ്യൂരപ്പയ്ക്കും ബി ശ്രീരാമലുവിനും ലോക്സഭ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയത്.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ എംപി സ്ഥാനം രാജിവെയ്ക്കാതെയാണ് യെദ്യൂരപ്പയും ശ്രീരാമലുവും മത്സരിക്കാനിറങ്ങിയത്. ശിക്കാരിപ്പുരയില്‍ നിന്നും പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യെദ്യൂരപ്പയുടെ വിജയം. മൊലകാല്‍മുരുവില്‍ നിന്നാണ് ശ്രീരാമലും വിധാന്‍സൗധയിലെത്തിയത്. ബദാമിയിലും ബി ശ്രീരാമലു മത്സരിച്ചിരുന്നു. എന്നാല്‍ ബദാമിയില്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന സിദ്ധരാമയ്യയോട് പരാജയപ്പെട്ടു. പക്ഷേ, അവസാന റൗണ്ട് വരെ സിദ്ധരാമയ്യയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ശേഷമായിരുന്നു ശ്രീരാമലുവിന്റെ തോല്‍വി













