ഇടക്കാല ബജറ്റ‌് അവതരിപ്പിക്കില്ല; അര്‍ബുദചികിത്സയ‌്ക്കായി ജെയ‌്റ്റ‌്‌ലി യുഎസില്‍


അര്‍ബുദചികിത്സയ‌്ക്കായി അമേരിക്കയിലേക്ക‌് പോയതിനാല്‍ മോഡി സര്‍ക്കാരിന്റെ അവസാന ഇടക്കാല ബജറ്റ‌് ധനമന്ത്രി അരുണ്‍ ജെയ‌്റ്റ‌്‌ലി അവതരിപ്പിക്കില്ല. ഫെബ്രുവരി ഒന്നിനാണ‌് ഇടക്കാല ബജറ്റ‌് അവതരിപ്പിക്കേണ്ടത‌്. രണ്ടാഴ‌്ചത്തെ അവധിയെടുത്താണ‌് ജെയ‌്റ്റ‌്‌ലി ന്യൂയോര്‍ക്കില്‍ ചികിത്സയ‌്ക്കായി പോയിട്ടുള്ളത‌്.


കഴിഞ്ഞ വര്‍ഷം ജെയ‌്റ്റ‌്‌ലി വൃക്ക മാറ്റിവയ‌്ക്കല്‍ ശസ‌്ത്രക്രിയക്ക‌് വിധേയനായിരുന്നു. മാറ്റിവച്ച വൃക്ക ഇപ്പോഴും അദ്ദേഹത്തിന്റെ ശരീരവുമായി പൂര്‍ണമായും പൊരുത്തപ്പെട്ടിട്ടില്ല.
തുടയില്‍ മൃദുകോശ അര്‍ബുദമാണ‌് ജെയ‌്റ്റ‌്‌ലിയെ ബാധിച്ചിരിക്കുന്നത‌്. ശരീരത്തിന്റെ മറ്റ‌് ഭാഗങ്ങളിലേക്ക‌് വേഗത്തില്‍ പടരാനിടയുള്ള രോഗമാണിത‌്. ശസ‌്ത്രക്രിയക്കായാണ‌് ജെയ‌്റ്റ‌്‌ലി യുഎസിലേക്ക‌് പോയിരിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത‌് പ്രയാസകരമെന്നാണ‌് നിഗമനം.


ജെയ‌്റ്റ‌്‌ലിയുടെ അഭാവത്തില്‍ ഇടക്കാല ബജറ്റ‌് ആരാകും അവതരിപ്പിക്കുകയെന്ന‌് വ്യക്തമല്ല. വൃക്ക മാറ്റിവയ‌്ക്കല്‍ ശസ‌്ത്രക്രിയക്ക‌് ജെയ‌്റ്റ‌്‌ലി വിധേയമായ ഘട്ടത്തില്‍ റെയില്‍വേ മന്ത്രി പീയുഷ‌് ഗോയലിന‌് ധനവകുപ്പിന്റെ ഇടക്കാല ചുമതല നല്‍കിയിരുന്നു.



Sharing is Caring