ദില്ലി: കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കും. മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റ് ജനപ്രിയമാകാനാണ് സാധ്യത. അതേസമയം ബജറ്റിന് തൊട്ടുമുമ്ബുള്ള സാമ്ബത്തിക സര്‍വ്വെ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വയ്ക്കാത്തത് വിവാദമായി.
അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തില്‍ റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ തന്‍റെ കന്നി ബജറ്റാകും ലോക്സഭയില്‍ അവതരിപ്പിക്കുക. ബജറ്റിന് അവസാന രൂപം നല്‍കിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മന്ത്രി പ്രതികരണത്തിന് തയ്യാറായില്ല. സമ്ബൂര്‍ണ്ണ ബജറ്റായിരിക്കുമെന്ന് ആദ്യം സൂചന നല്‍കിയ സര്‍ക്കാര്‍ പിന്നീട് ഇടക്കാല ബജറ്റെന്ന് തിരുത്തി. എന്നാല്‍ ഒരു സാധാരണ ബജറ്റിന്‍റെ സ്വഭാവം തന്‍റെ ബജറ്റിന് ഉണ്ടാകുമെന്ന സൂചനയാണ് പിയൂഷ് ഗോയല്‍ ദില്ലിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ നല്‍കിയത്.

വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്ബൂര്‍ണ ബജറ്റ് പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റ് അവതരണത്തിന് മുമ്ബ് ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനാണ് പ്രതിപക്ഷ തീരുമാനം. നോട്ട് അസാധുവാക്കല്‍, ജി എസ് ടി എന്നിവക്ക് ശേഷം മധ്യവര്‍ഗ്ഗത്തിലുള്ള അതൃപ്തി പരിഹരിക്കാന്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റം വന്നേക്കാം. നിലവിലുള്ള രണ്ടര ലക്ഷം എന്നത് അഞ്ച് ലക്ഷം രൂപയാക്കുമെന്ന ഊഹാപോഹം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു. കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായം എത്തിക്കുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വനിത ക്ഷേമത്തിനായി 5000 കോടി രൂപ കൂടി മാറ്റിവെച്ചേക്കും. പ്രസവ അവധി കൂട്ടുന്നതുകാരണം സ്ഥാപനങ്ങള്‍ക്കുള്ള നഷ്ടത്തില്‍ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കാനുള്ള തുകയും മാറ്റിവെച്ചേക്കും. സാമ്ബത്തിക സര്‍വ്വെ ബജറ്റിന് മുമ്ബ് പാര്‍ലമെന്‍റില്‍ വെക്കാത്തതിന് ഒരു കാരണവും സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.
വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ച 6.7 നെക്കാള്‍ അര ശതമാനം കൂടി 7.2 ആയെന്ന കണക്കുകള്‍ വൈകീട്ടോടെ സര്‍ക്കാര്‍ പുറത്തുവിട്ടു. ആയുഷ്മാന്‍ ഭാരത്, ഗ്രാമീണ വീട് നിര്‍മ്മാണം, നഗരഗതാഗതം തുടങ്ങിയവക്ക് ഊന്നല്‍ ഉണ്ടാകുമെന്നാണ് സൂചന. എന്തായാലും തെരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷം ഒരുക്കുന്നതാകും മൂന്നുമാസത്തെ പ്രസക്തി മാത്രമുള്ളതാണെങ്കിലും പിയൂഷ് ഗോയലിന്‍റെ ബജറ്റ്.












