എറണാകുളം: ഇതരസംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.30-ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തും. യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.
നാനൂറിനടുത്ത് ആളുകള്‍ സൗത്ത് സ്റ്റേഷനില്‍ ഇറങ്ങും. 258 പേരെ ഫോണില്‍ ബന്ധപ്പെട്ടു. 27 ഗര്‍ഭിണികളുണ്ട്. രണ്ടു പേര് കിടപ്പു രോഗികളാണ്. വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റയില്‍വേ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാകും. മറ്റു ജില്ലകളിലേക്ക് പോകേണ്ടവര്‍ക്ക് കഐസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനത്തില്‍ പോകാന്‍ തയാറായി 100 പേരാണുള്ളത്. കോവിഡ് ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. യാത്രക്കാരെ മുഴുവന്‍ ശരീരോഷ്മാവ് പരിശോധിച്ചായിരിക്കും പുറത്തേക്കു വിടുക. ഇതിനായി രണ്ട് ഡോക്ടര്‍മാര്‍ വീതം രണ്ടു സ്ഥലങ്ങളിലായി നാല് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വരുന്നവര്‍ക്ക് വീടുകളില്‍ സന്പര്‍ക്ക വിലക്കില്‍ കഴിയാന്‍ സൗകര്യമുണ്ടോ എന്നു പരിശോധിച്ചു വരികയാണ്. അങ്ങനെയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സന്പര്‍ക്ക വിലക്കില്‍ കഴിയാനുള്ള സൗകര്യം നല്‍കും. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ പോയതിനു ശേഷം ഇത് അണുവിമുക്തമാക്കും. വരുന്നവരുമായി മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടുള്ള സംഭാഷണം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.













