ആറ്റ‌ുകാല്‍ പൊങ്കാല സ്ക്വാഡിന് നേരെ ആക്രമണം: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്


തിരുവനന്തപുരം: ആറ്റ‌ുകാല്‍ പൊങ്കാലക്ക് മുന്നോടിയായി പരിശോധനക്കെത്തിയ ആറ്റുകാല്‍ പൊങ്കാല സ്ക്വാഡിനെ തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് ആക്രമിച്ചു. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. രാവിലെ 11മണിയോടെയായിരുന്നു സംഭവം.


ആറ്റ‌ുകാല്‍ പൊങ്കാലക്ക് മുന്നോടിയായി പരിശോധനക്കെത്തിയ സിവില്‍ സപ്ലൈസ്,​ ലീഗല്‍ മെട്രോളജി,​ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടയിലാണ് തൊഴിലാളികളുടെ ആക്രമണം. മുദ്രവെക്കാത്ത ത്രാസ് ലീഗല്‍ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥര്‍ വ്യാപാരികളില്‍ നിന്ന് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് തൊഴിലാളികളും വ്യാപാരികളും ആക്രമിച്ചത്. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.


യൂണിയന്‍ ഓഫീസില്‍ നിന്നെത്തിയ സംഘമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ആക്രമണത്തില്‍ ഉദ്യോഗസ്ഥരുടെ കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകളും ആക്രമികള്‍ നശിപ്പിച്ചു. ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഷാജഹാന്‍,​ ഇന്‍സ്പെക്‌റ്റ‌ിംഗ് അസിസ്റ്റ‌ന്റ് അബ്ദുള്‍ ഗാഫര്‍ ഖാന്‍,​ മുനീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് മൂന്ന് യൂണിയന്‍ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പൊലീസ് സ്റ്റേ‌ഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.



Sharing is Caring