കണ്ണൂര്‍: ആന്തൂരിലെ ആത്മഹത്യയില്‍ പി.കെ. ശ്യാമളക്കെതിരെയും സി.പി.എമ്മിനെതിരെയും നഗരസഭ വൈസ് ചെയര്‍മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്തണമെന്നും വാദിക്കാനോ ജയിക്കാനോ നില്‍ക്കരുതെന്നുമാണ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ഷാജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടായ ഷാജു കോമറേഡില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. നേരത്തെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പി.കെ. ശ്യാമളയെ വിമര്‍ശിച്ച് കെ. ഷാജു രംഗത്തെത്തിയിരുന്നു. പ്രവാസിയുടെ ആത്മഹത്യയില്‍ ‘വളരുന്ന ആന്തൂര്‍’ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ശ്യാമളയെ വിമര്‍ശിച്ച കെ. ഷാജു പിന്നീട് ആ ഗ്രൂപ്പില്‍നിന്ന് പുറത്തുപോവുകയും ചെയ്തിരുന്നു. ദിവസങ്ങളായി വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച ഈ പ്രതിഷേധമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലെ പരസ്യ പ്രതികരണത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.












