ഐപിഎല്ലില്‍ തുടർച്ചയായ തോല്‍വികള്‍ക്കൊടുവില്‍ വിജയവഴിയില്‍ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്. തിലക് വർമയുടെ തകർപ്പൻ സെഞ്ചുറിയുടെയും അശ്വനി കുമാറിന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെയും കരുത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെ 99 റണ്‍സിനാണ് മുംബൈ തകർത്തത്.മുംബൈ ഉയർത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 15.5 ഓവറില്‍ വെറും 100 റണ്‍സിന് കൂടാരം കയറി.
ഈ വിജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തുനിന്നും മുംബൈ മുകളിലേക്ക് കയറി.ആദ്യം ബാറ്റുചെയ്ത മുംബൈയ്ക്ക് തുടക്കം തകർച്ചയോടെയായിരുന്നു. കഗിസോ റബാദയുടെ പന്തുകള്‍ക്ക് മുന്നില്‍ പവർപ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീണ മുംബൈയെ തിലക് വർമയും നമൻ ധിറും (45) ചേർന്നാണ് രക്ഷിച്ചത്. വെറും 45 പന്തില്‍ നിന്ന് 101 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് മുംബൈ സ്കോർ 199-ല്‍ എത്തിച്ചു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഒരു ഘട്ടത്തിലും മുംബൈ ബൗളർമാർക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ആദ്യ പന്തില്‍ തന്നെ സായ് സുദർശനെ (0) പുറത്താക്കി ജസ്പ്രീത് ബുമ്ര വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ എത്തിയ ഇംപാക്‌ട് പ്ലെയർ അശ്വനി കുമാർ ഗുജറാത്തിന്റെ നട്ടെല്ലൊടിച്ചു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് മുൻനിര വിക്കറ്റുകളാണ് അശ്വനി പിഴുതത്.വാഷിംഗ്ടണ്‍ സുന്ദർ (26), ഷാരൂഖ് ഖാൻ (17), ശുഭ്മൻ ഗില്‍ (14) എന്നിവർക്ക് മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടക്കാനായത്. അള്ളാ ഗസൻഫർ, മിച്ചല്‍ സാന്റ്നർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ഗുജറാത്തിന്റെ പതനം പൂർത്തിയായി. നായകൻ ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റ് നേടി.













