അസമില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി മൂന്ന് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍


സോപ്പുപെട്ടിയില്‍ ഒളിപ്പിച്ച് അസമില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി മൂന്ന് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍. എറണാകുളം ജില്ലയിലെ കാലടിയിലാണ് 20 ലക്ഷം രൂപയുടെ ഹെറോയിന്‍ പിടികൂടിയത്.


അസം നൗഗാവ് സ്വദേശികളായ ഗുല്‍ദാര്‍ ഹുസൈന്‍ (32), അബു ഹനീഫ് (28), മുജാക്കിര്‍ ഹുസൈന്‍ (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഒമ്പതു സോപ്പുപെട്ടികളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചത്. ഏഴെണ്ണം ബാഗിലും രണ്ടെണ്ണം അടിവസ്ത്രത്തിനുള്ളിലുമായിരുന്നു.


അസമിലെ ഹിമപൂരില്‍ നിന്ന് സോപ്പുപെട്ടികളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന ഹെറോയിന്‍ പോലീസിന്റെ കണ്ണുവെട്ടിക്കാനായി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസില്‍ കാലടിയിലെത്തിക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാലടി ബസ് സ്റ്റാന്റ് പരിസരത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പത്ത് ഗ്രാം 150 ഡപ്പികളിലാക്കിയാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്.



Sharing is Caring