അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റും ഡല്‍ഹിയും


അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. നോര്‍ത്ത് ഈസ്റ്റിന്റെ ഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. നേരത്തെ ഡല്‍ഹിയില്‍ വെച്ച്‌ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് വിജയിച്ചിരുന്നു. അന്ന് ആദ്യ പകുതിയില്‍ മാര്‍സിഞ്ഞോയും ഡാനിലോ ലോപ്പസും നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് വിജയം പിടിച്ചെടുത്തത്.


പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെ കുറെ അവസാനിച്ച രണ്ടു ടീമുകള്‍ തമ്മിലുള്ള മത്സരം കൂടിയാണിത്. ജയത്തോടെ സീസണിന്റെ ഒടുക്കം മികച്ച നിലയിലാക്കാനാവും ഇരു ടീമുകളുടെയും ശ്രമം. ലീഗില്‍ എ.ടി.കെക്കൊപ്പം ഏറ്റവും കുറച്ച്‌ ഗോള്‍ നേടിയ ടീമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. വെറും 10 ഗോള്‍ മാത്രമാണ് ഇതുവരെ നോര്‍ത്ത് ഈസ്റ്റ് നേടിയത്. അതെ സമയം ലീഗിലെ ഏറ്റവും മോശം പ്രതിരോധം എന്ന പേരുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. 30 ഗോളുകളാണ് ഡല്‍ഹി 13 മത്സരങ്ങളില്‍ നിന്ന് വഴങ്ങിയത്.


അവസാന നാല് മത്സരങ്ങളില്‍ വിജയമറിയാതെയാണ് നോര്‍ത്ത് ഈസ്റ്റ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന ജാംഷഡ്പൂരിനെതിരായ മത്സരത്തില്‍ വെല്ലിങ്ടണ്‍ പ്രിയോറി നേടിയ അത്ഭുത ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് തോല്‍വി സമ്മതിക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് നിരയില്‍ ഹാലിച്ചരന്‍ നര്‍സരിയും ഹെയ്ലോ പിന്റോയും പരിക്കുമൂലം ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല.

ഡല്‍ഹി ഡൈനാമോസ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയം അറിഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ചെന്നൈയിന് എതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സമനിലയായ മത്സരത്തില്‍ ഡല്‍ഹി ആദ്യം ഗോള്‍ നേടിയെങ്കിലും മൈല്‍സണ്‍ ആല്‍വേസിലൂടെ അവസാന മിനിറ്റുകളില്‍ ഗോള്‍ നേടി ചെന്നൈയിന്‍ സമനില പിടിച്ചിരുന്നു. ഡല്‍ഹി നിരയില്‍ പ്രീതം കോട്ടലും എഡു മൊയായും പരിക്കിന്റെ പിടിയിലാണ്.



Sharing is Caring