ദില്ലി: അലോക് വര്‍മ്മ സിബിഐ ആസ്ഥാനത്തെത്തി ഡയറക്ടറായി ചുമതല ഏറ്റെടുത്തു. വര്‍മ്മയ്ക്ക് എതിരായ ആരോപണങ്ങള്‍ പരിശോധിച്ചു തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി അംഗമായ സെലക്റ്റ് കമ്മിറ്റി ഇന്ന് രാത്രി യോഗം ചേരും. കേസില്‍ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സമിതിയിലേക്ക് പകരക്കാരനായി ജസ്റ്റിസ് എകെ സിക്രിയെ നിര്‍ദ്ദേശിച്ചു.77 ദിവസത്തെ നിര്‍ബന്ധിത അവധിക്ക് ശേഷം ആണ് അലോക് വര്‍മ്മയുടെ തിരിച്ചു വരവ്. രാവിലെ സിബിഐ ആസ്ഥാനത്ത് എത്തിയ വര്‍മ്മയെ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന നാഗേശ്വര്‍ റാവു സ്വീകരിച്ചു. നയപരമായ സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളുന്നതില്‍ നിന്ന് വര്‍മ്മയെ കോടതി വിലക്കിയിട്ടുണ്ട്. എങ്കിലും റഫാല്‍ ഇടപാടില്‍ പ്രാഥമിക അന്വേഷണത്തിന് വര്‍മ്മ ഉത്തരവ് ഇടുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.












