അയല്‍വീട്ടില്‍ വാക്കുതര്‍ക്കം; തടസം പിടിക്കാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു


ആലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടില്‍ അയല്‍വാസികളായ ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വഴക്കിന് തടസം പിടിക്കാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു.


പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസില്‍ മോഹനന്‍ (60) ആണ് മരിച്ചത്. ഇദ്ദേഹം ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലിരിക്കെയായിരുന്നു സംഭവം.


മരിച്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ നടന്നിരുന്നു. അയല്‍ വീട്ടിലെ കുപ്പത്തറയില്‍ ചന്ദ്രന്‍ എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു പാചകം. വൈകുന്നേരം ചന്ദ്രന്‍ ഇവിടെയെത്തി ലളിതയുമായി വാക്കുതര്‍ക്കമുണ്ടായി. കസേര എടുത്തു ലളിതയെ അടിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ എത്തിയപ്പോഴാണ് മോഹനന്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശരീരത്തില്‍ അക്രമം ഏറ്റതിന്റെ പാടുകള്‍ ഒന്നും ഇല്ലെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു എന്നും പൊലീസ് പറഞ്ഞു.
ചന്ദ്രനെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തു.



Sharing is Caring