അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് നടൻ ജഗദീഷ് പിന്മാറി. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു.സംഘടനയ്ക്ക് ഒരു വനിതാ പ്രസിഡന്റ് വരട്ടെയെന്ന നിലപാടാണ് ജഗദീഷിനുള്ളത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്.
മോഹൻലാലും മമ്മൂട്ടിയും അനുവദിച്ചാല്‍ ജഗദീഷ് മത്സരത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടൻ രവീന്ദ്രനും നേരത്തേ പിന്മാറിയിട്ടുണ്ട്. ഇതോടെ ആ സ്ഥാനത്തേക്ക് ശ്വേത മേനോന് സാദ്ധ്യതയേറി.ജഗദീഷിന്റെ പിന്മാറ്റത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി നാല് മത്സരാർത്ഥികളാണുള്ളത്. ശ്വേത മേനോൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് അവർ.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരംഗത്തുനിന്ന് പിന്മാറിയെങ്കിലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
നടൻ ബാബുരാജ് മത്സരിക്കരിക്കുന്നതിനെതിരെ നടിമാർ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
‘ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരുത്തും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയത്. എല്ലാ പ്രശ്നങ്ങളിലും ലാലിന്റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമ്മൂട്ടിയോ ഇല്ലെങ്കില്‍ പ്രവർത്തന ഫണ്ട് പോലും ലഭിക്കില്ല. ഞങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും’- എന്നാണ് കഴിഞ്ഞദിവസം മല്ലിക സുകുമാരൻ ഒരു ചാനലിനോട് പറഞ്ഞത്.













