അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരക്കരാറിന് രൂപരേഖയായി


അമേരിക്കയും ചൈനയും തമ്മിലെ തര്‍ക്കങ്ങളില്‍ മഞ്ഞുരുകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിന് രൂപരേഖയായി. ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലി. തര്‍ക്കവിഷയങ്ങളില്‍ യുഎസും ചൈനയും തമ്മില്‍ പ്രാഥമിക ധാരണയായെന്നാണ് ലി പറഞ്ഞത്.


കരാറിന് വഴിയൊരുങ്ങിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു.ഈ ആഴ്ച അവസാനം ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ചൈന യുഎസില്‍ നിന്ന് സോയാബീന്‍ വാങ്ങുന്നത് പുനരാരംഭിക്കുമെന്നും വിവരമുണ്ട്.ചൈനയ്ക്കു മേല്‍ യുഎസ് ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാകുമെന്നും യുഎസില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി ചൈന പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു.


ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തില്‍ തന്നെയാണ് ഇരു രാജ്യങ്ങളുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഏഷ്യന്‍ രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപ് അടുത്തയാഴ്ച ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇരുവരുടേയും കൂടിക്കാഴ്ച സംബന്ധിച്ച് വൈറ്റ്ഹൗസും സ്ഥിരീകരണവുമായി രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ 30നായിരിക്കും കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം.



Sharing is Caring