അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് തിരിച്ചടി.14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടർ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.
ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്നോർ വ്യക്തമാക്കി. ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ നടപടി. നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കൻ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും എന്നാണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായിട്ടാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏർപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു.

ഇന്ത്യക്കാർ ഉള്‍പ്പെടെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഈ ഉത്തരവ് ഫെബ്രുവരി 20 നായിരുന്നു പ്രാബല്യത്തില്‍ വരാനിരുന്നത്. പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ എന്നാണ്. ഇത് വർഷത്തില്‍ ഏകദേശം രണ്ടര ലക്ഷത്തോളം കുട്ടികളെ ബാധിക്കുമെന്നാണ് കണക്ക്.
ട്രംപിന്റെ ഈ ഉത്തരവിനെതിരെ നിരവധി അമേരിക്കൻ സംസ്ഥാനങ്ങളില്‍ ഇതിനോടകം നിയമ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിവിധ വ്യക്തികളും സംഘടനകളും കോടതികളെ സമീപിച്ചിരുന്നു. ഇതിനിടയില്‍ ഇന്നലത്തെ സ്റ്റേ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.












