അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടിയേരി


കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിന് പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഡാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കൊലപാതകം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.


മുപ്പത്തിമൂന്നാമത്തെ എസ് എഫ് ഐ പ്രവര്‍ത്തകനാണ് കേരളത്തില്‍ കൊലചെയ്യപ്പെടുന്നത്. ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളേജില്‍, തീര്‍ത്തും ജനാധിപത്യപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന കലാലയത്തിനകത്തേക്ക് ഇരച്ചുകയറിയാണ് ആക്രമിസംഘം പൈശാചികമായ രീതിയില്‍ കൊലപാതകം നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ് എഫ് ഐ വളര്‍ന്നുവന്നതില്‍ അസഹിഷ്ണുതപൂണ്ട വിധ്വംസകശക്തികളാണ് ഈ ആക്രമണത്തിന് പിറകിലുള്ളത്. മുസ്ലീം ഭീകരവാദ സംഘടനയായ എസ്ഡിപിഐയില്‍പ്പെട്ടവരാണ് ഈ കൊലപാതകത്തിന് പിന്നിലുള്ളതെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. കഠാര രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാമെന്ന് വ്യാമോഹിക്കുന്ന ഈ ഭീകരവാദികളായ അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം. അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നുവരണെമെന്നും കോടിയേരി വ്യക്തമാക്കി.




Sharing is Caring