അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് എ കെ 47 നിര്‍മാണം; റഷ്യയുടെ നിര്‍ദേശം ഇന്ത്യ തള്ളി


ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ എ.കെ 47 തോക്ക് നിര്‍മിക്കുന്നതിനുള്ള റഷ്യയുടെ നിര്‍ദേശം ഇന്ത്യ തള്ളി. ഫഅരാന്‍സുമായുള്ള റഫാല്‍ കാരാര്‍ വിവാദത്തിലായ പശ്ചാത്തലത്തിലാണ് റഷ്യയുടെ നിര്‍ദേശം ഇന്ത്യ തള്ളിയതെന്നാണ് വിവരം. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഏപ്രിലില്‍ നടത്തിയ റഷ്യന്‍ സന്ദര്‍ശനത്തിലാണ് പുതിയ പദ്ധതി റഷ്യ മുന്നോട്ടുവെച്ചത്.


എ.കെ 47 ന്റെ പുതിയ പതിപ്പായ എ.കെ 103 ഇന്ത്യയില്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. ഇന്ത്യന്‍ സൈന്യത്തിന് ഏഴ് ലക്ഷം റൈഫിളുകള്‍ ആവശ്യമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് റഷ്യ ഇത്തരമൊരു നിര്‍ദേശം വെച്ചത്. തുടര്‍ന്നാണ് തോക്ക് നിര്‍മാതാക്കളായ കലാഷ്‌നിക്കോവ് കണ്‍സേണിന് ഇന്ത്യയില്‍ തോക്ക് നിര്‍മാണം നടത്തണമെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുമായി മാത്രമെ സഹകരണം പാടുള്ളുവെന്ന് ഇന്ത്യ വ്യക്തമാക്കിയത്.


റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷനും അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയുമായി കരാറുണ്ടാക്കിയത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. റിലയന്‍സ് ഡിഫന്‍സ് പോലെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ച ശേഷമാണ് അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് കമ്പനിയും നിലവില്‍ വന്നത്.



Sharing is Caring