ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ഡല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മുന്‍പ്രധാനമന്ത്രിമാരായ ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും അന്ത്യവിശ്രമസ്ഥലങ്ങള്‍ക്കു മധ്യേയാണ് സ്മൃതി സ്ഥല്‍ സ്ഥിതി ചെയ്യുന്നത്. മുന്‍പ്രധാനമന്ത്രി ഐ കെ ഗുജ്‌റാളിന്റെ അന്ത്യവിശ്രമസ്ഥലവും സ്മൃതി സ്ഥലില്‍ ആണ്.
കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന വാജ്‌പേയിയുടെ ഭൗതികശരീരത്തില്‍ വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 8.30 വരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും. തുടര്‍ന്ന് ഒമ്പതുമണിയോടെ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി ജെ പി ദേശീയ ആസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ ഭൗതികദേഹം കൊണ്ടുപോകും. ഒരുമണിയോടെ ബി ജെ പി ദേശീയ ആസ്ഥാനത്തുനിന്ന് വിലാപയാത്ര ആരംഭിക്കും.

തുടര്‍ന്ന് നാലുമണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കും. വ്യാഴാഴ്ച വൈകിട്ട് 5.05 ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു വാജ്‌പേയിയുടെ അന്ത്യം. വൃക്കരോഗബാധയെ തുടര്‍ന്ന് ജൂണ്‍ 11ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനില ബുധനാഴ്ച വൈകിട്ടോടെ ഗുരുതരമായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.













