അഞ്ചലില്‍ വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയില്‍


അഞ്ചലില്‍ വീടുകയറി ആക്രമണം നടത്തുകയും വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍.അഞ്ചല്‍ നെടിയറ സ്വദേശി മൊട്ട എന്ന് അറിയപ്പെടുന്ന ബിനു (42)വാണ് അഞ്ചല്‍ പൊലീസിന്‍റെ പിടിയിലായത്.


കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. നെടിയറ സജി വിലാസത്തില്‍ സജിമോന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ബിനു സജിമോന്‍റെ ഭാര്യ വത്സലയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ വത്സല പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലെ പോര്‍ച്ചില്‍ കിടന്ന കാറും ബിനും അടിച്ചു തകര്‍ത്തിട്ടുണ്ട്.


സംഭവത്തിന് ശേഷം തന്‍റെ ടെമ്ബോയില്‍ രക്ഷപ്പെട്ട ബിനുവിനെ കഴിഞ്ഞ ദിവസം പോലീസ് അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. ഇതോടെ ഇയാള്‍ ആക്രമണത്തിനായി എത്തിയ ടെമ്ബോ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ആക്രമണത്തിനിടെ കൈക്ക് പരിക്കേറ്റ ബിനു അടൂരിലുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൊലീസ് അഞ്ചല്‍ അഗസ്ത്യക്കോട് നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, അതിക്രമിച്ചു കടക്കുക തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.



Sharing is Caring