അനിയത്തിപ്രാവിന് വേണ്ടി തയാറാക്കിയ ആ ഗാനം മാത്രം പുറത്തിറങ്ങിയില്ല; എസ് രമേശൻ നായർ എന്ന സംഗീത പ്രതിഭ ഓർമയായിട്ട് ഒരു വർഷം

കാവ്യ ഗുണമുള്ള ചലച്ചിത്ര ഗാനങ്ങൾ കൊണ്ട് മലയാളി മനസിൽ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയാണ് എസ് രമേശൻ നായർ. കഴിഞ്ഞ വർഷം ഇതേ ദിനത്തിലാണ് കൊവിഡ് ഈ അതുല്യ കലാകാരനെ കവർന്നെടുത്തത്.

‘പൂമുഖ വാതിൽക്കൽ സ്‌നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’- മലയാളികളുടെ ആദ്യ കാലത്തെ ഭാര്യാ സങ്കൽപം എസ് രമേശൻ നായർ കോറിയിട്ടത് ഇങ്ങനെ. നമ്മുടെ സാമൂഹിക അവബോധത്തിലെ ഭാര്യാ ബിംബം ഇന്നും ഇതൊക്കെ തന്നെയാണ്. ഗുരുവിലെ ‘ദേവസംഗീതം നീയല്ലേ’ എന്ന ഗാനം മൂളാത്ത മലയാളികൾ ഉണ്ടാകില്ല.

ഒരു രാജമല്ലി വിടരുന്ന പോലെ, ഓ പ്രിയേ തുടങ്ങി അനിയത്തിപ്രാവിലെ എഴുതിയ എല്ലാ ഗാനങ്ങളും ഹിറ്റായി. വെറും മൂന്ന് ദിവസങ്ങൾ കൊണ്ടാണ് അനിയത്തിപ്രാവിലെ ഗാനങ്ങൾ അദ്ദേഹം തയാറാക്കിയത്. അനിയത്തി പ്രാവിലെ ‘ഓ പ്രിയേ’ എന്ന ഗാനത്തിന് പകരം എഴുതിയിരുന്നത് മറ്റൊരു ഗാനമായിരുന്നു. ‘തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം’ എന്ന ഗാനമായിരുന്നു ആദ്യം ചിട്ടപ്പെടുത്തിയിരുന്നത്. എന്നാൽ ഈ ഗാനത്തിൽ ദുഃഖ ഭാഗവം അൽപം കൂടുതലായത് കൊണ്ട് മറ്റൊരു ഗാനം എസ് രമേശൻ നായർ തയാറാക്കുകയായിരുന്നു. അങ്ങനെയാണ് ‘ഓ പ്രിയ’യുടെ പിറവി.

നാനൂറിലധികം മലയാള ഗാനങ്ങളും, നിരവധി ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും എഴുതി. ചിലപ്പതികാരവും തിരുക്കുറലും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു. ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള ഗുരുപൗർണമി എന്ന കവിതയും എസ് രമേശൻ നായർ എഴുതിയിട്ടുണ്ട്.

മലയാളത്തിലെ ഭക്തിഗാന ആൽബങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച കാസറ്റയിരുന്നു എസ് രമേശൻ നായർ എഴുതിയ പുഷ്പാഞ്ജലി. ജയചന്ദ്രനായിരുന്നു ഗായകൻ. ‘വിഘ്‌നേശ്വരാ ജന്മനാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു..’ എന്ന ഗാനമെല്ലാം ഇന്നും മലയാളി ഹൃദയങ്ങൾ ഭക്തിസാന്ദ്രമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *