ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച; 13 വിനോദസഞ്ചാരികള്‍ മരിച്ചു

ഉത്തരാഖണ്ഡിൽ ശക്തമായ മഞ്ഞുവീഴ്ചയില്‍ 10 ട്രക്കേഴ്സ് ഉള്‍പ്പെടെ 13 വിനോദസഞ്ചാരികള്‍ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്തി. ആറു പേർക്കായി തെരച്ചിൽ തുടരുന്നു. ഒക്‌ടോബർ 14ന് ഡെറാഡൂണിൽ നിന്ന് 230 കിലോമീറ്റർ അകലെ ഉത്തരകാശി ജില്ലയിലെ ഹർസിലിനടുത്തുള്ള ലംഖാഗ ചുരത്തിലേക്കുള്ള യാത്രാമധ്യേ ട്രക്കിംഗ് സംഘങ്ങളിലൊന്ന് മോശം കാലാവസ്ഥയില്‍ കാണാതാവുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന ഒൻപത് പോർട്ടർമാരിൽ ആറുപേർക്ക് സുരക്ഷിതമായി മടങ്ങാൻ കഴിഞ്ഞു. തുടര്‍ന്ന് കാണാതായ മൂന്ന് ചുമട്ടുതൊഴിലാളികളെയും എട്ട് ട്രെക്കർമാരെയും കുറിച്ച് അവർ അധികൃതരെ അറിയിക്കുകയായിരുന്നു. സംസ്ഥാന ദുരന്തനിവാരണ സേനയും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ വ്യാഴാഴ്ച രാവിലെ ലാംഖാഗ ചുരത്തിന് സമീപം അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി ജില്ലാ ദുരന്തനിവാരണ ഓഫീസർ (ഉത്തരകാശി) ദേവേന്ദ്ര പട്വാൾ പറഞ്ഞു.

മൃതദേഹങ്ങൾ ഉടൻ വിമാനമാർഗം സ്ഥലത്ത് നിന്ന് കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. ജീവനോടെ കണ്ടെത്തിയ ഒരു പര്‍വതാരോഹകനെ ജില്ലയിലുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി പട്വാള്‍ പറഞ്ഞു. കാണാതായ ഈ എട്ട് പര്‍വതാരോഹകരില്‍ ഏഴ് പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരും ഒരാൾ ഡൽഹിയിൽ നിന്നുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *