സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തി; ധനമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷം അവകാശലംഘന നോട്ടിസ് നല്‍കി

സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച്‌ ധനമന്ത്രി തോമസ് ഐസകിനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടിസ് നല്‍കി. വി.ഡി.സതീശന്‍ എം.എല്‍.എയാണ് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്.

അതീവ രഹസ്യമായി സൂക്ഷിക്കേണ്ടുന്ന സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് ഗുരുതരമായ ചട്ടലംഘനവും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റവുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ് സിഎജി റിപ്പോര്‍ട്ട്. അത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ഗവര്‍ണറുടെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയില്‍ വെക്കുകയുമാണ് വേണ്ടത്. ഇതൊന്നുമുണ്ടായില്ല. സഭയില്‍ എത്തുന്നത് വരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ മന്ത്രി ബാധ്യസ്ഥനുമായിരുന്നുവെന്നും നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

പ്രിന്റ് ചെയ്ത് സഭയില്‍ സമര്‍പ്പിക്കുന്നതുവരെ സി.എ.ജി റിപ്പോര്‍ട്ട് അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന് അറിയാത്തയാളല്ല ധനമന്ത്രി. ഇതുസംബന്ധിച്ച്‌ എ.ജിയുടെ സര്‍ക്കുലറും നിലവിലുണ്ട്. അതിനു വിരുദ്ധമായ പ്രവര്‍ത്തനം നിയമസഭയുടെ അവകാശലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *