കലബുറഗി നഗരത്തിൽ ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തൊഴിലാളികളടക്കം 13 പേർക്ക് പരിക്ക്. കലബുറഗി ശരണബസവേശ്വര ലേക്കിന് സമീപം സപ്തഗിരി ഹോട്ടലിലാണ് അപകടം.പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. പാചക വാതക സിലിണ്ടറിലെ പൈപ്പ് മറ്റൊന്നിൽ മാറ്റി സ്ഥാപിക്കാൻ ശ്രമിക്കവെയാണ് അപകടം.
ഹോട്ടലിലെ പാചകക്കാരിയായ ശശികല,ഭർത്താവ് രമേശ് ഫിറോസാബാദ്, ഇവരുടെ മക്കളായ അംബിക മല്ലിനാഥ്, രാകേഷ്, ശങ്കർ, ഗുരുമൂർത്തി, പ്രശാന്ത്, സത്യവാൻ, അപ്പറായ്, വിത്തലന, മഹേഷ്, ലക്ഷ്മൺ തുടങ്ങിയവർക്കാണ് പരിക്കേറ്റത്.താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിലെ പാചക ശാലയിലുണ്ടായ സ്ഫോടനത്തിൽ കെട്ടിടത്തിന് മുഴുവൻ കേടുപാട് സംഭവിച്ചതായി പൊലീസ് പറഞ്ഞു. കലബുറഗി കമീഷണർ ആർ. ചേതൻ കുമാർ, എ.സി.പി കന്നിക ഷികിവാൽ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു.














