തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ അണി ചേരാന്‍ വിനോദസഞ്ചാരമേഖലയിലെ 28 സംഘടനകളും. കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംഘടനകള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും.അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ ദുരിതത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരുടെ യോഗം കോഴിക്കോട്ടും ഉച്ചയ്ക്ക് നടക്കും.
ഓരോ ഹര്‍ത്താലും കുറഞ്ഞത് 150 കോടിരൂപയുടെ നഷ്ടം വിനോദസഞ്ചാരമേഖലയില്‍ മാത്രം വരുന്നുവെന്നാണ് കണക്ക്. പ്രളയം പ്രകൃതിദുരന്തമായെങ്കില് സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയെ തകര്‍ക്കുന്ന മനുഷ്യനിര്‍മിത ദുരന്തമാണ് തുടര്‍ച്ചയായുളള ഹര്‍ത്താലും ബന്ദുമെന്നാണ് വിവിധ വിനോദസഞ്ചാര സംഘടനകളുടെ വിലയിരുത്തല്‍. ഈ രീതിയില്‍ ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ടൂറിസം സംഘടനകള്‍ ചേര്‍ന്ന് കൂട്ടായ്മയ്ക്ക് ആലോചിക്കുന്നത്.

ഇന്ന് കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ കര്‍മസമിതിക്ക് രൂപരേഖയാകും. തുടര്‍ന്ന് വിനോദസഞ്ചാരരംഗവുമായി ബന്ധപ്പെട്ട് നില്ക്കുന്ന വ്യാപാരികളുടേതടക്കം കൂട്ടായ്മയുണ്ടാക്കും. പ്രളയമുണ്ടാക്കിയ നഷ്ടത്തില്‍ കരകയറാനുള്ള പരിശ്രമത്തിനിടെയാണ് ഹര്‍ത്താലും ബന്ദുമായി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ദേശീയ വിനോദസഞ്ചാര ഉപദേശകസമിതി അംഗം എബ്രാഹാം ജോര്‍ജ് പറഞ്ഞു.
കോഴിക്കോട് വ്യാപാര ഭവനില്‍ വച്ചാണ് 36 സംഘടനകള്‍ പങ്കെടുക്കുന്ന യോഗം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിനെ നേരിടാന്‍ മാത്രം പുതിയ സംഘടന രൂപീകരിക്കുമെന്ന് കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് വെല്‍ഫയര്‍ ഫെഡറേഷന് പ്രസിഡന്റ് കെ.കെ.ഹംസ പറഞ്ഞു. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിസ്. ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനും സംഘടന തീരുമാനിച്ചു. ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് കോടിയുടെ നഷ്ടമാണ് ഓരോ ഹര്‍ത്താലും വരുത്തി വയ്ക്കുന്നതെന്ന് ചെയര്മാന് ഡോ ബിജു രമേശ് പറഞ്ഞു.













