സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ കേസ്. കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ നടിക്കെതിരെ പോസ്റ്റുകൾ പങ്കുവച്ചതിനാണ് നടപടി. പരാതിക്കാരിയായ നടിയെ ടാഗ് ചെയ്ത് സനൽ കുമാർ സമൂഹമാദ്ധ്യമങ്ങളിൽ ഒട്ടേറെ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.നടിയുടേതെന്ന പേരിൽ ശബ്ദസന്ദേശങ്ങളും സനൽ കുമാർ ശശിധരൻ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് നടി പൊലീസിനെ സമീപിച്ചത്. യുഎസിൽ നിന്നാണ് സനൽ കുമാർ പോസ്റ്റുകൾ പങ്കുവച്ചതെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ നടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്തുനിന്ന് സനൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സംവിധായകന് ജാമ്യം അനുവദിച്ചിരുന്നു.പ്രണയാഭ്യർത്ഥന നിരസിച്ചതിന് സനൽ കുമാർ പിന്തുടർന്ന് അപമാനിക്കുകയാണെന്നാണ് 2022ൽ നടി പരാതി നൽകിയത്. അതേസമയം, തനിക്കെതിരായി കേസ് എടുത്തുവെന്ന് സമൂഹമാധ്യമത്തിലൂടെ സനൽ കുമാർ അറിയിച്ചിട്ടുണ്ട്.














