സേലത്ത് വാഹനാപകടത്തില്‍ മരിച്ചവരില്‍ ആറ് പേര്‍ മലയാളികള്‍


സേലം: സേലത്ത് വാഹനാപകടത്തില്‍ മരിച്ചവരില്‍ ആറ് പേര്‍ മലയാളികള്‍. കോട്ടയം സ്വദേശികളാണ് മരിച്ചത്. ജെം ജേക്കബ്, ഷാനോ, സിഗി വിന്‍സെന്റ്, ടീനു ജോസഫ്, ജോര്‍ജ് ജോസഫ്, അല്‍ഫോന്‍സ എന്നിവരാണ് മരിച്ചത്. മാമാങ്കം ബൈപ്പാസില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്.


മരിച്ച ജെം ജേക്കബിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.


രണ്ട് ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന ട്രാവല്‍സില്‍ ഇടിക്കുകയായിരുന്നു.

37 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടി. അപകടം നടന്നയുടന്‍ പോലീസും ജില്ലാ കലക്ടര്‍ രോഹിണിയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.



Sharing is Caring