സിസ്റ്റര്‍ അമല കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും


കോട്ടയം: പാലായിലെ ലിസ്യൂ കര്‍മലൈറ്റ് കോണ്‍വെന്‍റില്‍ വെച്ച്‌ സിസ്റ്റര്‍ അമല കൊല ചെയ്യപ്പെട്ട കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. സതീഷ് ബാബുവിന് ആജീവനാന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് അല്ലെന്ന് വാദിച്ച പ്രോസിക്യൂഷന്‍ വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടില്ല.


തെളിവുകളുടെയും പ്രമാണങ്ങളുടെയും തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജോര്‍ജ്ജ് ബോബന്‍ കോടതിയില്‍ വാദിച്ചു.


കന്യാസ്ത്രീയെ മോഷണശ്രമത്തിനിടെ സതീഷ് ബാബു കൊലപ്പെടുത്തിയെന്നാണ് കോടതി വ്യക്തമാക്കിയത്. ശിക്ഷ വിധി സംബന്ധിച്ച വാദത്തില്‍ പ്രതിയെ ജീവിതാവസാനം വരെ ജയിലിലിടണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കന്യാസ്ത്രീയെ തലക്കടിച്ച ശേഷമാണ് പ്രതി ബലാത്സംഗം ചെയ്തത്. എന്നാല്‍ വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടില്ല.

പ്രതിയുടെ പ്രായവും പ്രായമായ അച്ഛനമ്മമാരുടെ മകന്‍ എന്ന പരിഗണനയും വേണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി തെളിഞ്ഞുവെന്നാണ് പാലാ സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍, മോഷണക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ സതീഷ് സിസ്റ്റര്‍ അമലയെ മണ്‍വെട്ടി കൊണ്ടു തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബു ഒട്ടനവധി മോഷണ കേസുകളിലും പ്രതിയാണ്. പൈക മഠത്തിലെ സിസ്റ്റര്‍ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ കേസില്‍ വിചാരണ നടന്നുവരുകയാണ്.

പ്രതി സതീഷ് ബാബു ഭരണങ്ങാനത്തെ മഠത്തില്‍ മോഷണം നടത്തിയതിന് 6 വര്‍ഷം തടവ് അനുഭവിക്കുകയാണ്.



Sharing is Caring