സാമ്പത്തിക ഞെരുക്കം; സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി


ഓണത്തിനുശേഷമുള്ള സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി.


അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നാണ് ഉത്തരവ്. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനാണ് നിയന്ത്രണം ഉണ്ടായിരുന്നത്. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പരിധി അഞ്ച് ലക്ഷമാക്കിയത്. ഇതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടക്കം അഞ്ച് ലക്ഷത്തിലധികം രൂപ വരുന്ന ബില്ലുകള്‍ മാറണമെങ്കില്‍ ധനവകുപ്പില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം.


സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലേക്ക് നീങ്ങുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. ഈ സാമ്പത്തിക വര്‍ഷം 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതില്‍ ഡിസംബര്‍ വരെയുള്ള 21,253 കോടി രൂപ സെപ്തംബര്‍ ആദ്യം തന്നെ സര്‍ക്കാര്‍ എടുത്തു. ബാക്കി തുക അടുത്ത വര്‍ഷം ജനുവരിയിലാണ് എടുക്കാനാവുക. എന്നാല്‍ ഓണച്ചെലവുകള്‍ക്കായി 5,000 കോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാനം അനുമതി തേടി. ഇതില്‍ 4,200 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചു.



Sharing is Caring