ലാഗോസ്: സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ മൗറീഷ്യസിലെ ആദ്യ വനിത പ്രസിഡന്റ് അമീന ഗുരീബ് ഫക്കീം സ്ഥാനമൊഴിയുന്നു. അമീന അടുത്തയാഴ്ച്ച തല്‍സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗത്താണ് അറിയിച്ചത്.
മൗറീഷ്യസില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലണ്ടന്‍ ആസ്ഥാനമായ സന്നദ്ധസംഘടന നല്കിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയെന്നാണ് അമീനയ്ക്കെതിരായ ആരോപണം. 2016-ലാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടത്. എന്നാല്‍, താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അമീന.

വിവാദത്തെത്തുടര്‍ന്നുണ്ടായ എതിര്‍പ്പ് ശക്തമായതോടെ പ്രസിഡന്റിനെ പുറത്താക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധയാണെന്ന് അമീന അറിയിച്ചത്. മൗറീഷ്യസിന്റെ അമ്ബതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ശേഷം ഈ മാസം 12ന് സ്ഥാനമൊഴിയുമെന്നാണ് വിവരം.
ഇറ്റലിയിലും ദുബായിയിലുമായി പ്രസിഡന്റ് വന്‍തുക ചെലവഴിച്ച് ഷോപ്പിംഗ് നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2015ലാണ് മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റായി അമീന ഫക്കീം സ്ഥാനമേറ്റത്.













