സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെടുത്ത്​ കോണ്‍ഗ്രസ്​; ജെ.ഡി.എസുമായി ചര്‍ച്ച


ന്യൂഡല്‍ഹി: ഇഞ്ചോടിഞ്ച്​ പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്​ തുടങ്ങി. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്​സിറ്റ്​ പോള്‍ പ്രവചനങ്ങളെ സാധൂകരിക്കും വിധമാണ്​ ​വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ഫലം നല്‍കുന്ന സൂചന. അതിനാല്‍ 33 വര്‍ഷത്തെ ചരിത്രം തിരുത്തി വീണ്ടും അധികാരത്തിലേറാന്‍ വേണ്ട ശ്രമങ്ങളാണ്​ കോണ്‍ഗ്രസ്​ നടത്തുന്നത്​. ജെ.ഡി.എസ്​ അഭൂതപൂര്‍വമായ പോരാട്ടം കാഴ്​ച വെച്ച സംസ്​ഥാനത്ത്​ ഒരു പാര്‍ട്ടിക്കും അവഗണിക്കാനാകാത്ത ശക്​തിയായി ജെ.ഡി.എസ്​ മാറിയിരിക്കുന്നു.


രാമനഗരയിലും ചന്നപ്പട്ടണത്തും ജെ.ഡി.എസ്​ നേതാവ്​ എച്ച്‌​.ഡി കുമാരസ്വാമി എളുപ്പം ജയിച്ചു കയറുമെന്നാണ്​ ഇപ്പോഴത്തെ ലീഡ്​ നില സൂചിപ്പിക്കുന്നത്​. കോണ്‍ഗ്രസി​​ന്റെ മുഖ്യമന്ത്രി സ്​ഥാനാര്‍ഥി സിദ്ധരാമയ്യ മത്​സരിക്കുന്ന ചാമുണ്ഡേശ്വരിയിലും ബദാമിയിലും ശക്​തമായ മത്​സരമാണ്​ നേരിടുന്നത്​.


എച്ച്‌​.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന്​ ജെ.ഡി.എസ്​ നേരത്തെ പ്രഖ്യാപിച്ചത്​ ഒരു പാര്‍ട്ടിക്കും തങ്ങളെ അവഗണിക്കാനാകില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കിത്തന്നെയാണ്​. അതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍​ഗ്രസ്​ വിട്ടുവീഴ്​ചക്ക്​ തയാ​റായേക്കുമെന്നാണ്​ രാഷ്​ട്രീയ നിരീക്ഷകര്‍ പറയുന്നുത്​. തങ്ങള്‍ക്ക്​ പിടിവാശിയില്ലെന്നും എല്ലാവരുടെ മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ്​ നേതാവ്​ അശോക്​ ഗെഹ്​ലോട്ട്​ പറഞ്ഞതും ഇതിന്റെ പശ്​ചാത്തലത്തിലാണ്​.

ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സംസ്​ഥാന ഭരണം നഷ്​ടപ്പെട്ട അവസ്​ഥ കര്‍ണാടകയില്‍ ഉണ്ടാകാതിരിക്കാന്‍ പരമാവധി വിട്ടു വീഴ്​ച നടത്തുമെന്നാണ്​ കരുതുന്നത്​.



Sharing is Caring