തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് കടന്നപ്പോള്‍, കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനാണ് വത്സന്‍ തില്ലങ്കേരിയോട് പൊലീസ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിഷേധക്കാരെ ശാന്തമാക്കാനും വത്സല്‍ തില്ലങ്കേരിയോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ ആര്‍.എസ്.എസ് നേതാവിനെ ക്രമസമാധാന ചുമതല ഏല്‍പ്പിക്കുകയും മെഗാഫോണ്‍ നല്‍കിയത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന് നിയമസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയില്‍ ബി.ജെ.പി -ആര്‍എസ്‌എസ് നേതാക്കള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യത്തിന്, ശബരിമലയില്‍ ക്രമസമാധാനത്തിന് ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ക്ഷേത്രമുറ്റത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ബലപ്രയോഗം മൂലം സാധാരണ ഭക്തര്‍ക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനുമാണ് നടപടികള്‍ സ്വീകരിച്ചത്. ശബരിമലയില്‍ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.














