സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളില്‍ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളാണ്. സിനിമയില്‍ പച്ചപിടിക്കാൻ മദ്രാസില്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങള്‍ സിദ്ദിഖ്-ലാല്‍ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. അതുകൊണ്ടു തന്നെയാണ് എല്ലാതരത്തിലുമുള്ള പ്രേക്ഷകരുടെ പ്രീതി നേടാൻ ഇവരുടെ ചിത്രങ്ങള്‍ക്ക് സാധിച്ചത്.














