ഷെഫിന്‍ ജഹാനെതിരെ എന്‍ഐഎയ്ക്ക് കേസെടുക്കാം; വിവാഹമൊഴികെയുള്ള കേസുകള്‍ അന്വേഷിക്കാം -സുപ്രീംകോടതി


ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം ഒഴിച്ച്‌ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരായ കേസുകളില്‍ അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.


വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാം. കുറ്റക്കാരെങ്കില്‍ ഷെഫിന്‍ ജഹാന്‍ അടക്കമുള്ളവര്‍ക്കെതിരെ തുറന്ന കോടതിയിലാണ് കേസ് പരിഗണിക്കുക. ഹാദിയയുടെ പിതാവ് അശോകന്റെയും, ഷെഫിന്‍ ജഹാന്റെയും വാദം കോടതി ഇന്നു കേട്ടു. ഹൈക്കോടതി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കിയ വിഷയം മാത്രമാണ് കോടതി പരിഗണിക്കുന്നതെന്നും, ഹൈക്കോടതി ഉത്തരവിന്റെ നിയമവശത്തെ പരിശോധിക്കുക മാത്രമേ തങ്ങള്‍ ചെയ്യുവെന്ന് കോടതി പറഞ്ഞു. ഇതിനിടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ എന്‍ഐഎ നടത്തുന്ന അന്വേഷണം തുടരാമെന്നും, കണ്ടെത്തലുകള്‍ പ്രകാരം കേസെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഷെഫിന്‍ ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാം. വിവാഹം ഇന്ത്യന്‍ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.


ഉച്ചക്ക് രണ്ടു മണിക്ക് ഹ്രസ്വ ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കും.



Sharing is Caring